പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു.

 

പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *