ടെഹ്റാൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെ അമേരിക്ക സൈനികനടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഇറാൻ്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഇസ്രയേലിലെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കൻ താവളങ്ങളും തകർക്കപ്പെടുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘാലിബാഫ് പറഞ്ഞു. ഇറാൻ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി പുറത്തുവന്നതിനു പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.
ഇറാൻ പാർലമെൻ്റിൽ ഞായറാഴ്ച നടന്ന സമ്മേളനത്തിനിടെയാണ് ഘാലിബാഫ് പ്രഖ്യാപനം നടത്തിയത്. സഭാംഗങ്ങൾ തടിച്ചുകൂടി അമേരിക്കയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയായിരുന്നു ഘാലിബാഫിൻ്റെ താക്കീത്. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേർത്തു. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്പീക്കർ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.


