മലപ്പുറം: പൊന്നാനിയിൽ വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുതുപൊന്നാനി സ്വദേശിയായ ഹക്കീം (30) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ശുചിമുറിയിൽ അതീവ രഹസ്യമായി വളർത്തിയിരുന്ന 15-ഓളം കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.

നേരത്തെ ഒരു അപകടത്തിൽപ്പെട്ട് പാദം നഷ്ടപ്പെട്ട ഹക്കീം, ഇത് മറയാക്കിയാണ് കാലങ്ങളായി കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്. പുറത്തുനിന്നും കഞ്ചാവ് എത്തിച്ച് വിൽക്കുന്നതിന് പകരം സ്വന്തമായി കൃഷി ചെയ്ത് ലാഭം കൊയ്യാനായിരുന്നു ഇയാളുടെ നീക്കം. ചട്ടികളിൽ വളർത്തിയ ചെടികൾക്ക് മികച്ച രീതിയിലുള്ള പരിചരണമാണ് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ലഹരി വിമുക്തമായ ഒരു സമൂഹത്തിനായി എക്സൈസ് വകുപ്പ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്
.


