തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്കാണ് ജനുവരി നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ് കലണ്ടറിലെ പത്താം മാസമായ ‘തൈ’ മാസത്തിന്റെ ആദ്യ നാളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കൃഷിക്കും നൽകുന്ന ആദരവുകൂടിയാണ് ഈ ദിനം. പൊങ്കൽ എന്ന വാക്കിന്റെ അർത്ഥം തിളച്ചു പൊങ്ങുക, അല്ലെങ്കിൽ കവിഞ്ഞൊഴുകുക എന്നാണ്. പുതിയ നെല്ലും പാലും ശർക്കരയും ചേർത്ത് മൺപാത്രത്തിൽ തയ്യാറാക്കുന്ന വിഭവം തിളച്ചു മറിയുമ്പോൾ കുടുംബാംഗങ്ങൾ ആവേശത്തോടെ പൊങ്കലോ പൊങ്കൽ എന്ന് വിളിച്ചു പറയുന്നു.


