തിരുവനന്തപുരം: ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനോട് രാഹുൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോൺ പരിശോധിക്കുന്നതിന് പാസ്സ്‌വേർഡ് നൽകാനും രാഹുൽ തയ്യാറായില്ല. രാഹുലിന്‍റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയിൽ അറിയിച്ചേക്കും. അന്വേഷണവുമായി രാഹുൽ സഹകരിക്കാത്തതിനാൽ ഉടൻ വീണ്ടും കസ്റ്റഡിയിൽ വാങ്ങില്ല. മൂന്നു ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുൽ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.
2024 ഏപ്രിൽ 8. ഉച്ചയ്ക്ക് ഒരു മണി. അതിജീവിത ബുക്ക് ചെയ്ത തിരുവല്ലയിലെ ഹോട്ടലിലെ 408-ാം നമ്പർ മുറിയിലേക്ക് രാഹുൽ കടന്നുവന്നു. അതിജീവിതയുമായി സംസാരിച്ചു. ഒരു മണിക്കൂറിലധികം മുറിയിലിരുന്നു. ഇക്കാര്യം രാഹുൽ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. രാഹുൽ ബി.ആർ എന്ന പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതും അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ബലാത്സംഗത്തെകുറിച്ചുള്ള ചോദ്യങ്ങളോട് രാഹുൽ മൗനംപാലിക്കുകയാണ് ഉണ്ടായത്. പല ചോദ്യങ്ങൾക്കും ചിരിയായിരുന്നു രാഹുലിന്‍റെ മറുപടി. ചോദ്യം ചെയ്യലിൽ നിസ്സഹകരണമാണ് രാഹുൽ സ്വീകരിച്ചതും. പൊലീസ് പിടിച്ചെടുത്ത ഫോണിന്‍റെ പാസ്‍വേഡ് പങ്കുവെയ്ക്കാനും രാഹുൽ തയ്യാറായിട്ടില്ല.തനിക്ക് അനുകൂലമായ തെളിവുകൾ അന്വേഷണസംഘം നശിപ്പിക്കുമെന്നാണ് രാഹുൽ പറയുന്നത്. കോടതി വഴി അനുമതി തേടി അന്വേഷണസംഘം ഫോൺ പരിശോധിക്കട്ടെയെന്നുമാണ് രാഹുലിന്റെ നിലപാട്. രാഹുലിന്റെ ലാപ്ടോപ്പ് ഉൾപ്പെടെ പിടിച്ചെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്. അതിജീവതയുടെ രഹസ്യ മൊഴി വൈകാതെ രേഖപ്പെടുത്തും. വീഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തുന്നതിനാൽ ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് അന്വേഷണസംഘം.


