ഇന്ത്യയിലേക്ക് വരുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊരിഞ്ഞ അടി; കളിക്കാനില്ലെന്ന് താരങ്ങള്‍

ഐസിസി ട്വന്‍റി 20 ലോകകപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ രണ്ടു ചേരിയിലായി ബംഗ്ലാദേശ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും. താരങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഡയറക്ടർ നജ്മുൾ ഇസ്‍ലാമിനെതിരെ തിരിഞ്ഞ താരങ്ങള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരം ബഹിഷ്കരിച്ചു. താരങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് നജ്മുളിനെ ഫിനാൻസ് കമ്മിറ്റി തലവൻ സ്ഥാനം ഉൾപ്പെടെ ബോർഡിന്റെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കി.

ഇന്ത്യയിലെ ലോകകപ്പില്‍ പങ്കെടുക്കാതിരുന്നാല്‍ ബംഗ്ലദേശ് താരങ്ങൾക്ക് മാച്ച് ഫീ ഇനത്തിൽ വരുന്ന നഷ്ടം നികത്തില്ലെന്ന് നസ്മുള്‍ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ”ലോകകപ്പിൽ കളിക്കാതിരുന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഒരു നഷ്ടവും ഉണ്ടാകില്ല. നഷ്ടം കളിക്കാർക്കായിരിക്കും. 2027 വരെ ബോര്‍ഡിന്‍റെ ഭാവി വരുമാനത്തിന് തടസ്സമുണ്ടാകില്ല” എന്നാണ് നസ്മുള്‍ പറഞ്ഞത്.

 

ബംഗ്ലാദേശ് പിന്മാറിയാൽ കളിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആശയവും നജ്മുൽ നിരസിച്ചു. “എന്തിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. അവർ എവിടെയെങ്കിലും പോയി ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവര്‍ക്കായി ചെലവാക്കുന്ന കോടിക്കണക്കിന് ടാക്ക തിരികെ ചോദിക്കണോ? ബോർഡ് ഇല്ലാതെ കളിക്കാർക്ക് അതിജീവിക്കാൻ പ്രയാസമാകും എന്നാണ്” നജ്മുള്‍ പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ കളിക്കാര്‍ കഴിഞ്ഞ ദിവസം ധാക്ക പ്രീമിയര്‍ ലീഗ് ബഹിഷ്കരിച്ചിരുന്നു. ഇന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ചിറ്റഗോങ് റോയല്‍ഡസും നോഖാലി എക്സ്പ്രസും തമ്മിലുള്ള മത്സരവും താരങ്ങളുടെ നിസഹകരണം കാരണം വൈകി. നജ്മുളിനെതിരായ നിലപാടില്‍ ക്യാപ്റ്റന്‍മാര്‍ ടോസിനിറങ്ങിയില്ല. നജ്മുളിനെ പുറത്താക്കിയാല്‍ മാത്രമെ കളിക്കാര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയുള്ളൂ എന്നാണ് ക്രിക്കറ്റേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് മിഥുന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നജ്മുളിനെ പുറത്താക്കാന്‍ ബിസിബി തീരുമാനിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *