കൽപ്പറ്റ:സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം ചെയ്തു.
കരുതൽ തടങ്കൽ ഉത്തരവുകൾ പാസാക്കുമ്പോൾ പോലീസ് വകുപ്പും ജില്ലാ മജിസ്ട്രേറ്റും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ചെയർമാൻ പറഞ്ഞു. സത്യസന്ധവും ശക്തവുമായ കേസുകളില്‍ മാത്രമേ കാപ്പ നിയമം പ്രയോഗിക്കാവൂ എന്നും കാപ്പ ചുമത്തിയ കുറ്റവാളിക്കെതിരെ തയ്യാറാക്കുന്ന കരുതൽ തടങ്കൽ പ്രൊപോസൽ കൃത്യമാകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം പുറത്തിറങ്ങുന്ന കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ വീണ്ടും പ്രേരിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപ്പ കേസുകൾ രജിസ്റ്റർ ചെയ്യണ്ടേ സാഹചര്യങ്ങൾ, നിയമവശങ്ങൾ, കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ എന്നിവയെക്കുറിച്ചും സിമ്പോസിയത്തിൽ ചെയർമാൻ വിശദീകരിച്ചു.

കാപ്പ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ മുൻ ജില്ലാ ജഡ്ജി മുഹമ്മദ് വസീം, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. പി.എന്‍ സുകുമാരന്‍ എന്നിവര്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം എം.ജെ അഗസ്റ്റിൻ, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ ലോ ഓഫീസർ സി.കെ ഫൈസൽ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


