ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തെയും ക്ലാസിക് മോഡലുകളിലൊന്നായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് സ്വന്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ത്യയിലെ തന്നെ ആദ്യ സിയറ ഡെലിവറികളിൽ ഒന്നാണിത്. തന്റെ പ്രിയപ്പെട്ട മഞ്ഞ നിറത്തിലുള്ള (Andaman Adventure) സിയറയാണ് മന്ത്രി ഗാരേജിലെത്തിച്ചിരിക്കുന്നത്. കുമരകത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം പുതിയ വാഹനം ഏറ്റുവാങ്ങിയത്.

വർഷങ്ങൾക്ക് ശേഷം ടാറ്റാ മോട്ടോഴ്‌സ് സിയറയെ വിപണിയിൽ എത്തിച്ചപ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഒരു കടുത്ത വാഹന പ്രേമി കൂടിയായ ഗണേഷ് കുമാർ, പുതിയ സിയറയുടെ ടെസ്റ്റ് ഡ്രൈവ് വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. വാഹനം ഓടിച്ചു നോക്കിയതിന് പിന്നാലെ തന്നെ ഇത് സ്വന്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 90-കളിൽ സിയറ എന്ന വാഹനത്തിനുണ്ടായിരുന്ന ആ പ്രൗഢി ഒട്ടും ചോരാതെ തന്നെ ആധുനിക സാങ്കേതിക വിദ്യകളുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

തന്റെ വാഹന ശേഖരത്തിൽ സിയറയ്ക്ക് എന്നും പ്രത്യേക സ്ഥാനമുണ്ടെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. പണ്ട് KL 01 D 1 എന്ന നമ്പറിലുള്ള ഒരു സിയറ ഗണേഷ് കുമാർ ഉപയോഗിച്ചിരുന്നു. ആ പഴയ ഓർമ്മകളുടെ പുതുക്കിയ പതിപ്പായിട്ടാണ് ഈ പുതിയ വാഹനത്തെ അദ്ദേഹം കാണുന്നത്. “ഇന്ത്യയിലെ ആദ്യ ടാറ്റ സിയറ ഡെലിവറികളിൽ ഒന്ന് സ്വന്തമാക്കിയതിൽ വലിയ സന്തോഷമുണ്ട്. ഒരു വാഹന പ്രേമി എന്ന നിലയിൽ ഈ നിമിഷത്തിൽ അഭിമാനിക്കുന്നു,” എന്നാണ് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്.


