ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ തീർഥാടകർ പുറപ്പെടുന്നത് ഈ വർഷം; കരിപ്പൂരിൽ നിന്ന് ഹജ്ജിന് ആദ്യ വിമാനം 21ന്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ എക്‌സ്- 3011 നമ്പർ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

 

മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

 

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

 

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

ക്യാമ്പിന്റെ അവസാനഘട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്., എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, പി.ആര്‍.ഡി, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ., കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, പി.ഡബ്ലിയു.ഡി റോഡ്‌സ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കണ്ണൂര്‍, എറണാകുളം ജില്ലാ ഭരണകൂടങ്ങളുടെ പ്രതിനിധികളും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *