തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്‌ക് മാൻ്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം
പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് 3 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർമാർ അറിയിച്ചു.