കേരളത്തിൽ നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് പാവൽ. ഏപ്രില്‍-മെയ് മാസങ്ങൾ കൃഷിക്ക് അനുയോജ്യമാണ്. വിത്തുകൾ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പാകാം. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമായി നൽകാം, ഒപ്പം പന്തൽ ഒരുക്കി നൽകുന്നത് നല്ല വിളവിന് സഹായിക്കുന്നു. കായീച്ച ശല്യം കുറയ്ക്കാൻ ഫെറമോൺ കെണികൾ ഉപയോഗിക്കാം.
1. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ കണ്ടെത്തി നടുക. നീണ്ട പച്ചനിറത്തിലുള്ള അഗ്രഭാഗത്ത് വെള്ള നിറമുള്ള ഇനമാണ് പ്രിയ. വെളുത്തു വലിപ്പമുള്ളതും പരന്ന മുള്ളുകളുമുള്ളതാണ് പ്രിയങ്ക. വെള്ള നിറത്തില്‍ ഇടത്തരം നീളമുള്ള കായ്കളുള്ള ഇനമാണ് പ്രീതി. ഇവയെല്ലം കേരളത്തിലെ കാലാവസ്ഥയ്ക്ക് നല്ലതാണ്.
2. വലിയ ഗ്രോബാഗ് – ചാക്ക് എന്നിവയിലാണ് നടുന്നതെങ്കില്‍ 2-3 വിത്തുകള്‍ ഇടാം.
3. നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു വച്ചാല്‍ പെട്ടെന്ന് മുള പൊട്ടും.
4. നിലത്ത് നടുമ്പോള്‍ തടത്തില്‍ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയുമിട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം .
5. വള്ളി വീശി തുടങ്ങിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ വേപ്പെണ്ണ – ആവണക്കെണ്ണ – വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കണം. നീരൂറ്റി കുടിക്കുന്ന കീടങ്ങളായ പച്ചത്തുള്ളന്‍, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കാം.
6. പൂ പിടിക്കാന്‍ തുടങ്ങുമ്പോള്‍ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യുന്നതു കായീച്ചകളില്‍ നിന്ന് കായ്കളെ സംരക്ഷിക്കാന്‍ സഹായിക്കും.
7. ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ചു കൊടുത്താല്‍ ധാരാളം കായ്കളുണ്ടാവും.



