ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാൻ. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ആയിരിക്കും ഇറാന്റെ ഈ തീരുമാനം കാരണമാവുക. ഇതിനകം തന്നെ സുരക്ഷാ കാരണങ്ങളാൽ നിരവധി എണ്ണക്കമ്പനികൾ ഇന്ധന വിതരണം നിർത്തിവച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചു തോട് ഇനി ലോകമാകെയുള്ള എണ്ണ വിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടുന്നതാണ്.
വടക്ക് ഇറാനും തെക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശന കവാടത്തിലെ ഒരു ഇടുങ്ങിയ കടൽ പാതയാണ് ഹോർമുസ് കടലിടുക്ക്.അറേബ്യൻ ഉപദ്വീപിനും ഇറാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതയാണ്. ലോകത്തിലെ ഊർജ്ജത്തിന്റെ ഇരുപത് ശതമാനവും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാൻ, യുഎഇ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ ഒപെക് അംഗങ്ങൾ ഏഷ്യൻ വിപണികളിൽ എത്താൻ ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഖത്തർ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കയറ്റുമതി ചെയ്യുന്നതിനും ഈ വഴിയാണ് ഉപയോഗിക്കുന്നത്.



