സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിച്ചത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബന്ധുവിൻ്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
2 കുഞ്ഞുങ്ങളടക്കം സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് നാല് ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വില്ലകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവയിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും. ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു


