അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ കൃഷി പരാജയമായി മാറും.
1. നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ അതില്‍ മണ്ണ്, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ക്കണം. ഇതിനായി എടുക്കുന്ന മണ്ണ് ഒരാഴ്ച മുമ്പ് കുമ്മായ വസ്തുക്കള്‍ ചേര്‍ത്തതാണെന്ന് ഉറപ്പാക്കണം.
2. ഒരോ ഗ്രോബാഗിലും തുടക്കത്തില്‍ തന്നെ ഒരോ പിടി എല്ലുപ്പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ചേര്‍ക്കണം. തൈകള്‍ ആരോഗ്യത്തോടെ വളര്‍ന്നുവരാനിതു സഹായിക്കും
3. തൈ/ വിത്ത് നടാനായി അദ്യം നടീല്‍ മിശ്രിതം ബാഗിന്റെ 60 – 70 ശതമാനമേ ആദ്യം നിറയ്ക്കാവു. പിന്നീട് വളപ്രയോഗത്തോടൊപ്പം മിശ്രിതം കുറച്ച് കുറച്ച് ചേര്‍ത്തു കൊടുത്താല്‍ മതി.
4. കരിയില കൊണ്ടു പുതയിടുന്നതാണ് ഗ്രോബാഗില്‍ അനുയോജ്യം. അനാവശ്യമായ മറ്റു ചെടികള്‍ ഗ്രോബാഗില്‍ വളരുന്നത് തടയാനിതു സഹായിക്കും. ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്ന വെള്ളം പെട്ടെന്ന് ആവിയായി പോകില്ല, വെയില്‍ നിന്നും വേരുകള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.
5. ചെടികള്‍ക്ക് ജലം ആവിശ്യത്തിന് മാത്രം നല്‍കുക. വെള്ളം അധികമായാല്‍ വേര്ച്ചീച്ചില്‍ സംഭവിക്കാം. ജലസേചനം വൈകുന്നേരങ്ങളിലാണ് നല്ലത്.
6. ടെറസ് കൃഷിയില്‍ പ്രധാനമാണ് ഗ്രോബാഗുകള്‍. ടെറിസില്‍ സ്ലോപ്പിന് സമാന്തരമായി വേണം ഗ്രോബാഗുകള്‍ വയ്ക്കാന്‍. രണ്ടു വരികള്‍ തമ്മിലും രണ്ടു ഗ്രോബാഗ് തമ്മിലും മൂന്ന് – നാല് അടി അകലം വേണം.
7. ടെറസില്‍ ഇഷ്ടിക വച്ച് അതിനു മുകളില്‍ ഗ്രോബാഗ് വയ്ക്കുന്നതാണ് നല്ലത്.
8. ചെടികള്‍ വളരുന്നത് അനുസരിച്ച് ചെറിയ കമ്പുകള്‍ കുത്തി താങ്ങു കൊടുക്കുന്നത് നല്ലതാണ്.