ഷിരൂർ: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന രക്ഷാദൗത്യത്തിന്റ പതിനൊന്നാം ദിവസത്തെ ഇന്നത്തെ തിരച്ചിലും വിഫലം. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചിൽ ദിവസങ്ങളോളം നീളുമോയെന്ന ആശങ്കയുണ്ട്. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച രാവിലെ തിരച്ചിൽ തുടരാനാണ് തീരുമാനം.
അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിലവിൽ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനാകൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും മാധ്യമങ്ങളെ അറിയിച്ചിരുന്നു.