ബലിപെരുന്നാളിനോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാർക്ക് ആശ്വാസം നല്‍കാനും പ്രത്യേക ഇടപെടലുമായി സപ്ലൈകോ.ഈദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ പത്തിനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ബക്രീദ് സ്പെഷ്യല്‍ കിറ്റ്’ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകളിലൂടെ മേയ് 26 വരെ വിതരണം ചെയ്യും
വിപണിയില്‍ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാള്‍ പ്രമാണിച്ച് വെറും 850 രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോള്‍ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.
പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പെരുന്നാള്‍ സമ്മാനം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകള്‍ക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നല്‍കുമെന്ന തരത്തില്‍ വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

