തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കേരള തീരത്തേക്ക് എത്തുന്നതിന് പ്രകൃതിയിൽ അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും , അത് രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന മഴ അറബിക്കടലിനു മുകളിലും ബംഗാൾ ഉൾക്കടലിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലുണ്ടായതാണ്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.

