ന്യൂഡല്‍ഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാൽവിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. താനിയ സോണി(25),ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്.
മരിച്ച വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുമായി പങ്കുവെക്കണം, എഫ്.ഐ.ആറിന്റെ കോപ്പി പുറത്ത് വിടണം,സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ മുന്നോട്ട് വെക്കുന്നത്. വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ പറയുന്നു.