പെരിക്കല്ലൂർ: 202627 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ആഘോഷപൂർവ്വം നടക്കും. വയനാട് ജില്ലാതല പ്രവേശനോത്സവത്തിന് ഇത്തവണ അതിർത്തി ഗ്രാമമായ പെരിക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളാണ് വേദിയാകുന്നത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും.
സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ജില്ലാബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ടി. ഹംസ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ടി.എസ്. ദിലീപ് കുമാർ (പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) ലിസ്സി സാബു (മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)സൽമ മോയി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ) മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി.എൻ. ശശീന്ദ്രൻ,. ജിനി തോമസ്, . ഗിരിജാ കൃഷ്‌ണൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്‌ടർ ശശീന്ദ്ര വ്യാസ്, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി എം. കൃഷ്ണൻ, വി.എച്ച്.എസ്.ഇ ജില്ലാ കോർഡിനേറ്റർ ബിനുമോൾ ജോസ്, ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ, ഡി.പി.സി അനിൽകുമാർ വി. തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികൾ, കൈറ്റ്, വിദ്യാകിരണം കോഓർഡിനേറ്റർമാർ, സ്കൂൾ പിടിഎ,എസ്എംസി, എംപിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ പൂർത്തിയായി വരുന്നത്. നവാഗതരെ വരവേൽക്കാൻ പെരിക്കല്ലൂർ ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ മുറ്റത്ത് ഒരുങ്ങുന്ന പ്രവേശനോത്സവം നാടിൻ്റെ തന്നെ ഉത്സവമായി മാറ്റാനാണ് സംഘാടക സമിതിയുടെ തീരുമാനം.

