വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത; അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിക്കുക

താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ നടക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തികളെ തുടർന്ന് ചുരത്തിൽ ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടു തുടങ്ങി. നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ മണ്ണും മറ്റ് നിർമ്മാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് കാരണം വലിയ വാഹനങ്ങൾക്ക് ഇവിടെ സുഗമമായി തിരിഞ്ഞു പോകാൻ (ഒടിഞ്ഞു കിട്ടാൻ) കടുത്ത പ്രയാസമാണ് നേരിടുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ ബസ്സുകൾ വളവ് തിരിയുന്ന സമയത്ത് ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നത് നിലവിൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും നിർമ്മാണ പ്രവൃത്തികൾ തുടരുന്നതിനാൽ പണി പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്.

 

​പകൽ സമയങ്ങളിലെ തിരക്കിന് പുറമെ, രാത്രി കാലങ്ങളിൽ ദീർഘദൂര സർവീസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ വാഹനങ്ങളും ചരക്ക് ലോറികളും ഒരുമിച്ച് ചുരം ഇറങ്ങി വരുന്നതോടെ ഈ ഗതാഗതക്കുരുക്ക് ഇരട്ടിയാകാനാണ് സാധ്യത. രാത്രിയിൽ ചുരത്തിലെ അശ്രദ്ധമായ ഡ്രൈവിംഗും വലിയ വാഹനങ്ങൾ വളവുകളിൽ കുടുങ്ങുന്നതും വഴി മണിക്കൂറുകളോളം നീളുന്ന ബ്ലോക്കിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം. അതിനാൽ രാത്രി യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

 

​ഈ സാഹചര്യത്തിൽ, വയനാട് കോഴിക്കോട് റൂട്ടിൽ താമരശ്ശേരി ചുരം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന അത്യാവശ്യ യാത്രക്കാർ ഗതാഗതക്കുരുക്കിനുള്ള സാധ്യത മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ഓഫീസ്, ആശുപത്രി, എയർപോർട്ട് തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കായി പോകുന്നവർ സാധാരണ എടുക്കുന്ന സമയത്തേക്കാൾ നേരത്തെ ഇറങ്ങുകയോ, സാധ്യമെങ്കിൽ ചുരം വഴിയുള്ള യാത്ര ഒഴിവാക്കി പകരം ബദൽ റോഡുകളെ ആശ്രയിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *