കൽപ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിളകളായ കാപ്പി, കുരുമുളക്, നെല്ല്, ഇഞ്ചി, മഞ്ഞൾ, വാഴ, തെങ്ങ്, കമുക്, ഏലം, പച്ചക്കറികളുടെ പരിപാലന മുറകളിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ജൂണിൽ സാധാരണയേക്കാൾ കുറവ് മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിന്റെ സാഹചര്യത്തിൽ വിളകളുടെ കായിക വളർച്ച, പൂവിടൽ, കായപിടുത്തം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ ബാധിക്കാനും കീടരോഗ ആക്രമണം വർധിക്കാനും ഇടയാക്കും. സസ്യസംരംക്ഷണത്തിന്റെ ഭാഗമായി തോട്ടങ്ങളിൽ എല്ലാ വിളകളിലും ഉണങ്ങിയ ഇലകൾ, കളകൾ ഉപയോഗിച്ച് 10-15 സെന്റിമീറ്റർ കനത്തിൽ പുതയിടണം. തണൽ ക്രമീകരിക്കുക, തടങ്ങൾ ഇളക്കുക, ജലസംരക്ഷണ കുഴികൾ നിർമിക്കുക.
മഴവെള്ള സംഭരണ കുഴികളുടെ അറ്റകുറ്റപ്പണി നടത്തുക, നീർച്ചാലുകളും ചെക്ക് ഡാമുകളും പരമാവധി പ്രയോജനപ്പെടുത്തുക, നിലവിലുള്ള കുളങ്ങൾ വൃത്തിയാക്കി ആഴം കൂട്ടുക, സംരംക്ഷണ ചാലുകൾ നിർമിക്കുക, അഞ്ച് മുതൽ ഏഴ് ദിവസത്തെ ഇടവേളകളിൽ തടങ്ങളിൽ ജലസേചനം നൽകുക, ആവശ്യമായ സാഹചര്യങ്ങളിൽ ഡ്രിപ്പ് ജലസേചനം നൽകുക, അധിക മുളകളും ഉണങ്ങിയ ശാഖകളും നീക്കം ചെയ്യുക, വരൾച്ചക്കാലത്ത് അമിത നൈട്രജൻ വളപ്രയോഗം ഒഴിവാക്കുക,
പ്രതിരോധ കുമിൾനാശിനി പ്രയോഗിക്കുക, ജൈവവളം കൂടുതലായി നൽകുക, ഉയർത്തിയ തടങ്ങളിൽ കൃഷി ചെയ്യുക, ഫെറോമോണ് ട്രാപ്പുകൾ ഉപയോഗിക്കുക, നഴ്സറികളിൽ ഷേഡ് നെറ്റ് ഉപയോഗിക്കുക, തോട്ടങ്ങളിൽ ആവരണ വിളകൾ വളർത്തുക, വളങ്ങൾ ഘട്ടം ഘട്ടമായി മാത്രം നൽകുക, ഉയർന്ന ആർദ്രതയും മഴയും കുമിൾ രോഗ വ്യാപനം കൂട്ടുന്നതിനാൽ കുരുമുളക്, കാപ്പി തോട്ടങ്ങളിൽ ബോർഡോ മിശ്രിതം, സ്യൂഡോമോണസ് എന്നിവയുടെ രോഗമുൻകരുതലിനായുള്ള സ്പ്രേയിംഗ് നടത്താവുന്നതാണ്.
കീടരോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യമായ സസ്യസംരംക്ഷണ മാർഗനിർദേശങ്ങൾക്കായി അടുത്തുള്ള കൃഷിഭവനെ ബന്ധപ്പെടണം. കാലവർഷക്കെടുതി കാരണമുള്ള വിളനാശം സംഭവിച്ചാൽ പ്രകൃതിക്ഷോഭത്തിനായുള്ള ധനസഹായത്തിനായി 10 ദിവസത്തിനകവും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ വിള ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകവും എഐഎംഎസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. വിളനാശം സംഭവിച്ചതിന്റെ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി ജില്ലയിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ 04936 202506 എന്ന നന്പറിൽ ബന്ധപ്പെടാം.

