കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേപ്പാടിയിൽ ചൂരൽമല , മുണ്ടക്കൈ , അട്ടമല ,പുത്തുമല വെളളാർമല എന്നീ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.മുണ്ടക്കൈ പുഴയിൽ കനത്ത നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട് മുന്നൊരുക്കത്തിന്റെ ഭാഗമായി പുഴയരുകിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട് .
കനത്ത മഴയെ തുടർന്ന് ഈ ഭാഗങ്ങളിൽ സ്കൂളുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്കൻ ഛത്തീസ്ഗഡ് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരുന്ന രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും.ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു