ഇന്ത്യ ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ ചില അയൽരാജ്യങ്ങൾ പ്രവചനാതീതമായാണ് പെരുമാറുന്നതെന്നും തുറന്നുപറഞ്ഞ് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ. വാഷിംഗ്ടണിൽ നടന്ന ഒൻപതാമത് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
“ഇന്ത്യ ലോകത്തിന്റെ വളരെ സങ്കീർണ്ണമായ ഒരു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കഠിനരും പ്രകോപനപരവുമായ ചില അയൽക്കാരാണ് ഇന്ത്യയ്ക്കുള്ളത്. അവിടുത്തെ ചില ഭരണാധികാരികൾ ഒരു ദിവസം രാവിലെ മോശം മാനസികാവസ്ഥയിലാണ് എഴുന്നേൽക്കുന്നതെങ്കിൽ, ആ മേഖലയിലെ കാര്യങ്ങൾ അപ്പാടെ മാറിമറിയും.” – സെർജിയോ ഗോർ വ്യക്തമാക്കി.

