മേപ്പാടി : വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ 151 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.
ആദ്യദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാം ദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി.
ചൂരല്‍ മലയില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കും തിരച്ചിലിനായി രാവിലെ സൈന്യമെത്തും.
മുണ്ടക്കൈയില്‍ കുടുങ്ങിയ ഏതാണ്ട് അഞ്ഞൂറോളം പേരെ താല്‍ക്കാലിക പാലമുണ്ടാക്കി സൈന്യം രക്ഷപ്പെടുത്തി. ഹാരിസണ്‍ പ്ലാന്റേഷനില്‍ കുടുങ്ങിയ തൊഴിലാളികളെയും രക്ഷപ്പെടുത്തി.തിരച്ചിലിന് സഹായിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്നും പൊലീസ് ഡ്രോണുകള്‍ ഇന്നെത്തും. മെറ്റല്‍ ഡിറ്റക്റ്ററുകളും എത്തിക്കും. ബംഗളൂരുവില്‍ നിന്ന് കരസേന വിഭാഗവും ഇന്നെത്തും.