സുൽത്താൻ ബത്തേരി : വയനാടിന്റെ യാത്രാപ്രശ്നങ്ങളിൽ വികസനത്തിനും ഗതാഗത ബന്ധത്തിനും വലിയ തടസ്സമായി നിൽക്കുന്ന ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. വിഷയത്തിൽ കോഴിക്കോട് എം.പി എം.കെ. രാഘവൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ ചർച്ച പ്രതീക്ഷ പകരുന്നതാണ്. മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 44-ലെ മാതൃകയിൽ ‘എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ’ നിർമ്മിക്കണമെന്ന നിർദ്ദേശമാണ് എം.പി മുന്നോട്ടുവെച്ചത്.
മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെ വാഹനഗതാഗതം ഉറപ്പാക്കുന്ന സംവിധാനമാണ് എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ. വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാരപഥങ്ങൾ വരുന്ന ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്ന പാതകൾ നിർമ്മിക്കുന്നതിലൂടെ മൃഗങ്ങൾക്ക് തടസ്സമില്ലാതെ റോഡിന് അടിയിലൂടെ സഞ്ചരിക്കാൻ സാധിക്കും. വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും വനത്തിനുള്ളിലേക്ക് നേരിട്ട് എത്താതിരിക്കാനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. ഈ മാതൃക ബന്ദിപ്പൂരിലും നടപ്പിലാക്കിയാൽ വന്യജീവി സംരക്ഷണവും ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യവും ഒരുപോലെ പരിഗണിക്കാനാകുമെന്നാണ് വിലയിരുത്തൽ.
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ബന്ദിപ്പൂർ വഴി കടന്നുപോകുന്ന ദേശീയപാത 766-ൽ 2009 ജൂലൈ 27 മുതലാണ് രാത്രിയാത്രാ നിരോധനം നിലവിൽ വന്നത്. രാത്രി 9 മുതൽ പുലർച്ചെ 6 വരെയാണ് വാഹനഗതാഗതത്തിന് നിലവിൽ വിലക്കുള്ളത്. 17 വർഷമായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരമായാൽ കേരളത്തിലേക്കുള്ള ചരക്കുനീക്കം സുഗമമാവുകയും പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. ഇന്ധനച്ചെലവ് കുറയുന്നതിനൊപ്പം അടിയന്തര ചികിത്സയ്ക്കായി മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന രോഗികൾക്കും ഇത് വലിയ ആശ്വാസമാകും.
നിലവിൽ കേരളത്തിലും കർണാടകത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായതിനാൽ വിഷയത്തിൽ വേഗത്തിലുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എം.കെ. രാഘവന്റെ നിർദ്ദേശത്തോട് അനുകൂല സമീപനം സ്വീകരിച്ച ഡി.കെ. ശിവകുമാർ വിഷയം സർക്കാർ തലത്തിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
