മേപ്പാടി: കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. പ്രദേശത്തുണ്ടായിരുന്ന ടാങ്കർ ലോറി, ടൂറിസ്റ്റ് ബസ് എന്നിവയ്ക്ക് പുറമെ ഒരു കടയും പൂർണ്ണമായും മണ്ണിനടിയിലായി. മണ്ണിനടിയിൽപ്പെട്ട ടാങ്കർ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് തൊട്ടപ്പുറത്തുണ്ടായിരുന്ന. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ സ്ഥിരീകരിച്ചു.
എന്നാൽ, പ്രദേശത്തെ ഒരു കട പൂർണ്ണമായും മണ്ണിനടിയിലായതും അവിടെയുണ്ടായിരുന്ന യന്ത്രസാമഗ്രികൾ നശിച്ചതും ആശങ്ക വർധിപ്പിക്കുന്നു. മണ്ണ് നീക്കം ചെയ്യാനായി എത്തിച്ച ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയവയും മണ്ണിനടിയിലാണ്. “മനുഷ്യനെക്കൊണ്ട് മാത്രം മണ്ണ് നീക്കാൻ സാധിക്കില്ലെന്നും എത്രയും വേഗം കൂടുതൽ യന്ത്രങ്ങൾ എത്തിക്കണമെന്നും” രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ആവശ്യപ്പെട്ടു. മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
