മുണ്ടക്കൈ(വയനാട്) : ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്പ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു. ഈ മണ്ണിൽ ചവിട്ടിനിൽക്കുമ്പോൾ താഴെ മനുഷ്യരുണ്ടോ എന്ന ആധിയിൽ വിങ്ങുന്നു. ദുരന്തത്തിന് ശേഷം, ഒരു രാത്രി കൂടി പിന്നിട്ടെങ്കിലും ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴും മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും.ഇവിടങ്ങളിൽ രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിൽ 200 പേരുടെ മരണമാണ് ഇതേവരെ സ്ഥിരീകരിച്ചത്. ഇരുന്നൂറിലേറെ പേരെ പറ്റി ഇപ്പോഴും വിവരമില്ലെന്ന് നാട്ടുകാർ പറയുന്നു.
ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കന്നത്.