കോഴിക്കോട് നഗരമധ്യത്തിൽ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് സ്ത്രീകളടക്കം ആറുപേരടങ്ങുന്ന സംഘമാണ് കസബ പൊലീസിന്റെയും സിറ്റി ക്രൈം സ്ക്വാഡിന്റെയും പിടിയിലായത്. റഹ്‌മത്ത് (41) – കാക്കൂർ കൊയാളിമൂക്ക് സ്വദേശിനി അനിൽ കുമാർ (47) – എറണാകുളം കാലടി സ്വദേശിസുഹറ (42) – അന്നശ്ശേരി സ്വദേശിനിഅയിഷ (43) – കല്ലായി ചക്കുംകടവ് സ്വദേശിനിസൗദ (45) – വെള്ളയിൽ സ്വദേശിനിസുബിരാജ് (46) – മുക്കം ചേന്നമംഗലൂർ സ്വദേശി എന്നിവരാണ് അറസ്റ്റിലായത് .
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ ശുചീകരണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയാണ് സംഘം ലക്ഷ്യമിട്ടത്. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിച്ചെത്തുന്ന യുവതിയെ കവർച്ച ചെയ്യാൻ പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. ബസ് കാത്തുനിന്ന യുവതിയെ, മുൻപരിചയം വെച്ച് പെരിങ്ങളത്തേക്ക് പോകാമെന്ന് പറഞ്ഞ് പ്രതികൾ ഓട്ടോയിൽ കയറ്റുകയായിരുന്നു.
യാത്രയ്ക്കിടെ ഓട്ടോയ്ക്കുള്ളിൽ വെച്ച് പ്രതികൾ യുവതിയെ ക്രൂരമായി മർദിച്ചു. മുഖത്ത് മുഷ്ടിചുരുട്ടി അടിച്ചതിനെത്തുടർന്ന് യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ കൊഴിഞ്ഞുപോയി. യുവതിയുടെ ഒന്നേകാൽ പവന്റെ സ്വർണമാല, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രേസ്‌ലെറ്റ് എന്നിവ സംഘം ബലമായി പൊട്ടിച്ചെടുത്തു. തുടർന്ന് ഇവരെ ചേവായൂരിൽ ഇറക്കിവിട്ട് സംഘം കടന്നുകളയുകയായിരുന്നു.
