പനമരം : പുഞ്ചവയലിലെ കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ചക്ക. 44. 250 കിലോഗ്രാം തൂക്കം വരുന്ന ചക്കയാണ് വീടിനോട് ചേർന്ന് തോട്ടത്തിൽ വിളഞ്ഞത്. പുഞ്ചവയൽ പുത്തങ്ങാടി പവൻ കുമാറിൻ്റെ പുരയിടത്തോട് ചേർന്ന് കൃഷിയിടത്തിലാണ് ഭീമൻ ചക്ക വിളഞ്ഞത്.
കൃഷി ഉപജീവനമായ പവൻ കുമാറിന്റെ തോട്ടത്തിൽ ധാരാളം പ്ലാവുകൾ ഉണ്ട്. എന്നാൽ 20 വർഷമുള്ള പ്ലാവിലാണ് ഭീമൻ ചക്ക വിളഞ്ഞത്. ആദ്യമായി കായ്ക്കുന്ന പ്ലാവായതിനാൽ പവനും കുടുംബത്തിനും ഒരു കൗതുകം നേരത്തെ ഉണ്ടായിരുന്നു. വിളവെടുപ്പിന് പാകമായതോടെ കൃഷിയിടത്തിലെ മറ്റ് ചക്കകളിൽനിന്ന് ഇത് വ്യത്യസ്തമായി. കാട്ടാനശല്യം രൂക്ഷമായ തോട്ടത്തിൽ ഇക്കുറി കാട്ടാനയുടെ വരവ് കുറഞ്ഞതോടെയാണ് ചക്കയും ബാക്കിയായത്.
മരച്ചുവടിൽനിന്ന് നാലടിയോളം ഉയരത്തിലാണ് ചക്ക കായ്ച്ചത്. അതിനാല് ചക്കയിടാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്തായാലും ഗിന്നസ് റെക്കോഡിനൊപ്പം എത്തിയില്ലെങ്കിലും ഭീമൻ ചക്ക കായ്ച്ചതിലുള്ള കൗതുകത്തിലും ആകാംക്ഷയിലുമാണ് പവൻ്റെ കുടുംബം.
↑
