മാനന്തവാടിയിൽ ചായയ്ക്കും ചെറുകടികൾക്കും വില ഏകീകരിച്ചു; നാളെ മുതൽ 12 രൂപ

മാനന്തവാടി : മാനന്തവാടി നഗരസഭ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിലെ ചായയ്ക്കും ചെറുകടികൾക്കും വില ഏകീകരിച്ചു. ജൂലൈ 15 മുതൽ ചായയ്ക്കും സാധാരണ ചെറുകടികൾക്കും 12 രൂപയായിരിക്കും ഈടാക്കുക. നഗരസഭാ അധികൃതരും ഹോട്ടൽ-ബേക്കറി ഉടമകളും വഴിയോര കച്ചവടക്കാരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

 

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിച്ചതിനെത്തുടർന്ന് പല സ്ഥാപനങ്ങളും ചായയ്ക്കും പലഹാരങ്ങൾക്കും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിയിരുന്നത്. ഇത് സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഗണിച്ചാണ് വില ഏകീകരിച്ചത്. വില നിയന്ത്രണത്തിനൊപ്പം ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പാക്കാനും യോഗം കർശന നിർദ്ദേശങ്ങൾ നൽകി.

 

വലിയ ഹോട്ടലുകളുടെ അടുക്കളകളിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം. പാചകത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തിൽ, ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുമെങ്കിലും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ മുന്നറിയിപ്പ് നൽകി.

 

ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണെന്നും നഗരസഭയുടെ ആവശ്യപ്രകാരം താൽക്കാലികമായാണ് ഈ നിരക്ക് വർദ്ധനവ് അംഗീകരിക്കുന്നതെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു മന്ന, യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, വഴിയോര തട്ടുകട ഫെഡറേഷൻ പ്രതിനിധികളായ വി. ഷറഫുദ്ദീൻ, കേളോത്ത് നവാസ് എന്നിവർ കച്ചവടക്കാരുടെ പ്രയാസങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

 

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലേഖാ രാജീവൻ, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി.യു. ജോയ്, പി.കെ. ഹംസ, സജ്ന, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ്. ഷൈജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *