മേപ്പാടി:മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. പ്രധാന സ്ട്രക്ചറിന്റെ നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയായി. പാലത്തിന്റെ നടപ്പാത സജ്ജീകരിക്കുന്ന, അത്ര പ്രയാസമില്ലാത്ത ഭാഗമാണ് ഇനി ബാക്കിയുള്ളത്.190 മീറ്റര്‍ നീളമുള്ള പാലമാണു നിര്‍മ്മിക്കുന്നത്. ഇന്നലെ പകല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പാലം നിര്‍മാണം അല്‍പ്പസമയത്തേക്കു നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന രാത്രി മുഴുവനും പാലം നിര്‍മ്മാണം തുടരുകയായിരുന്നു.
ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു താല്‍ക്കാലിക പാലം കൂടി നിര്‍മ്മിച്ചു. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ കാല്‍നട യാത്രക്ക് സഹായകമാകുന്ന നിലയിലുള്ള ഈ പാലം പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു താല്‍ക്കാലികമായി തടികൊണ്ടുനിര്‍മ്മിച്ച പാലം മുങ്ങിയിരുന്നു. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ മുണ്ടക്കൈയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഉച്ചയോടെ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കും എന്നാണ് സൈസ്യം അറിയിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും.