നിലമ്പൂർ: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി ചാലിയാർ പുഴയിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു. ഏഴ് ശരീര ഭാഗങ്ങൾ ഇന്ന് കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് ലഭിച്ചത്.
ഇന്ന് ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്‌ജിന് സമീപത്തു നിന്ന് രണ്ട് ശരീര ഭാഗങ്ങളും, നിലമ്പൂർ ഗവ. ഹോസ്‌പിറ്റലിന് സമീപമുള്ള കളത്തിൻകടവ് കടവിൽ നിന്നും ഒരു ഒരു ശരീരഭാഗവും, പോത്തുകല്ല് മുണ്ടേരി കുമ്പളപ്പാറയിൽ നിന്നും മറ്റൊരു ശരീരഭാഗവും, പോത്തുകല്ല് മുണ്ടേരി ഭാഗങ്ങളിൽ നിന്ന് മൂന്ന് ശരീര ഭാഗങ്ങളുംകൂടിയാണ് ലഭിച്ചത്.
മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമാണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച് നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചത്. ചാലിയാറിൽ നിന്ന് ലഭിച്ചവയിൽ തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി വയനാട്ടിലേക്ക് കൊണ്ടുപോയി.
ശരീരഭാഗങ്ങൾ ഉൾപ്പെടെ 74 മൃതദേഹങ്ങൾ ഇതുവരെ വയനാട്ടിലേക്ക് മാറ്റി. മരിച്ച 270ഓളം പേരിൽ 131 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് പുലർച്ചെയോടെ പൂർത്തീകരിച്ചു. ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം തുടരുകയാണ്