വെള്ളിമാട് കുന്ന്-മുത്തങ്ങ നാലുവരിപ്പാത ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നു  

കോഴിക്കോട് മലാപ്പറമ്പ് മുതൽ മുതൽ വയനാട് മുത്തങ്ങ വരെ നാലുവരിയായി വികസിപ്പിക്കുന്ന ദേശീയ പാത 766 ൽ വെള്ളിമാട് കുന്ന് മുതൽ മുത്തങ്ങ വരെയുള്ള റീച്ചിലെ റോഡ്ഭാഗം ദേശീയപാത അതോറിറ്റി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ/എൻ.എച്ച്.എ.ഐ) ഏറ്റെടുക്കുന്നു. നിർദിഷ്ട നാലുവരിപ്പാത കൈമാറ്റവും ഏറ്റെടുക്കലും സംബന്ധിച്ച നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ഉപരിതലഗതാഗത ഹൈവേ മന്ത്രാലയം അണ്ടർ സെക്രട്ടറി ജയ പ്രകാശ് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും, എൻ.എച്ച്.എ.ഐ ചെയർമാനും കത്ത് നൽകി. റോഡിന്റെ ഉടമസ്ഥ, നിർവഹണ അവകാശച്ചുമതല കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ നിലവിൽ പുരോഗതിയിലാണ്.

 

നേരത്തെ രണ്ടുവരിപ്പാതയായി വിഭാവനം ചെയ്ത ദേശീയപാത ഭാഗത്തിന്റെ നവീകരണമാണ് പിന്നീട് നാലുവരിയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. താമരശ്ശേരി ചുരം ബൈപ്പാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ)റോഡ്, താമരശ്ശേരി, കൊടുവള്ളി, ബത്തേരി, മീനങ്ങാടി ബൈപ്പാസുകൾ ഉൾപ്പെടുന്നതാണ് ഈ നിർദിഷ്ട നാലുവരിപ്പാത. 110 കിലോമീറ്ററോളമാണ് ദൈർഘ്യം. താമരശ്ശേരി ചുരത്തിന് പകരം നിർദിഷ്ട ചുരം ബൈപ്പാസ് റോഡിലൂടെയാണ് നാലുവരിപ്പാത ബന്ധിപ്പിക്കുക. നേരത്തെ സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ ഉടമസ്ഥതയിലും മോർത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു ഈ ദേശീയപാത ഭാഗത്തിന്റെ നവീകരണ പ്രവൃത്തി നടന്നുവന്നിരുന്നത്. എൻ.എച്ച്.എ.ഐ റീച്ച് പൂർണമായി ഏറ്റെടുക്കുന്ന പക്ഷം ടെൻഡറിലൂടെ നിയോഗിക്കുന്ന കൺസൽട്ടൻസിയുടെ നേതൃത്വത്തിലായിരിക്കും നവീകരണം.

 

മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ ദേശീയപാത വികസിപ്പിക്കുന്നതിനായി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടിക്രമം നേരത്തെ മോർത്ത് പൂർത്തീകരിച്ച് സിവിൽ മന്ത്ര ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയെ നിശ്ചയിച്ചിരുന്നെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു. അതിന് ശേഷം വെള്ളിമാട്കുന്ന്-മുത്തങ്ങ നാലുവരിപ്പാതയ്ക്കായുള്ള ഡി.പി.ആറിന് രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കൺസൽട്ടൻസികളാരും ഏറ്റെടുത്തിരുന്നില്ല. അതോടെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി എൻ.എച്ച്.എ.ഐ മൂന്നാമതും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ദേശീയപാതയുടെ ഗതി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടിക്രമങ്ങളിലെ കാലതാമസമെന്നാരോപിച്ച് ചുരംബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *