കിരീടത്തേക്കാള്‍ വലുത് നാം പിന്നിട്ട വഴികളാണ്’; ഫൈനലിന് മുമ്പ് വിരമിക്കല്‍ സൂചന നല്‍കി മെസി

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെ, സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ വികാരനിര്‍ഭര സന്ദേശം. ഇന്‍സ്റ്റഗ്രാമില്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി കുറിച്ച വാക്കുകള്‍, താരം ലോകകപ്പിനു പിന്നാലെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് അര്‍ജന്റീനയെ നയിക്കുന്ന മെസി, മത്സരത്തിന് മുന്നോടിയായി സഹതാരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഈ കുറിപ്പിലൂടെ ശ്രമിച്ചിട്ടുണ്ട്.

 

‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്. ഈ സംഘത്തോടൊപ്പം ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് എഴുന്നേല്‍ക്കുക, ഓരോ ചുവടും ആസ്വദിക്കുക… ഇതൊക്കെയാണ് പ്രധാനം. ഈ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ ദിവസവും അധ്വാനിക്കുന്ന എന്റെ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എല്ലാ ജീവനക്കാര്‍ക്കും നന്ദി. നാളെ എന്തുതന്നെ സംഭവിച്ചാലും, ആര്‍ക്കും ഒരിക്കലും മായ്ക്കാനാകാത്ത, ആരും മറക്കാത്ത ഒരു ചരിത്രം ഇതിനോടകം തന്നെ നാം എഴുതിക്കഴിഞ്ഞു. വാമോസ് അര്‍ജന്റീന’ -മെസി കുറിച്ചു.

 

ടീമിനെ ഒരു ‘കുടുംബം’ എന്നാണ് മെസ്സി വിശേഷിപ്പിച്ചത്. നാളത്തെ മത്സരത്തില്‍ ഫലം എന്തായാലും ടീമിന്റെ പാരമ്പര്യം സുരക്ഷിതമാണെന്ന് ഓര്‍മിപ്പിച്ച് സഹതാരങ്ങളുടെ സമ്മര്‍ദം ഒഴിവാക്കാന്‍ നായകന് സാധിച്ചിട്ടുണ്ട്. 39കാരനായ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും സ്‌പെയിനെതിരെയുള്ള ഫൈനല്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിലവിലെ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മെസി വ്യക്തമാക്കിയിട്ടുണ്ട്.

 

ഇംഗ്ലണ്ടിനെതിരായ ആവേശകരമായ സെമിഫൈനലില്‍ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസി മുന്‍നിരയിലുണ്ട്. മെസിയുടെ വിരമിക്കല്‍ വാര്‍ത്തകളെക്കുറിച്ച് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രതികരിക്കാന്‍ വിസമ്മതിച്ചു. അത് മെസ്സിയോട് തന്നെ ചോദിക്കണമെന്നും, നിലവില്‍ ഈ നിമിഷം ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നിലവിലെ ലോക ചാംപ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാംപ്യന്മാരായ സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് തീപാറുമെന്നുറപ്പാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *