ബുക്ക് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ഗ്യാസില്ല; ചേളാരി പ്ലാന്റിൽ നിന്നുള്ള പാചകവാതക വിതരണം താറുമാറായി, ജനങ്ങൾ ദുരിതത്തിൽ..!!

മലപ്പുറം: ജില്ല ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ ചേളാരി എൽ.പി.ജി ബോട്ട്ലിംഗ് പ്ലാന്റിൽ നിന്നുള്ള പാചകവാതക സിലിണ്ടർ വിതരണത്തിൽ കടുത്ത കാലതാമസം തുടരുന്നു. സിലിണ്ടറുകൾ ബുക്ക് ചെയ്ത് ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് പല ഉപഭോക്താക്കൾക്കും നിലവിൽ ഗ്യാസ് ലഭിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള എൽ.പി.ജി ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് തുടക്കമിട്ടതെങ്കിലും, പിന്നീട് വിതരണത്തിൽ ഭാഗിക പുരോഗതിയുണ്ടായെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

 

പ്രതിദിനം 120 ലോഡ് വരെ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ചേളാരി പ്ലാന്റിലെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികളും ലഭ്യമായ സ്റ്റോക്കിലുണ്ടായ കുറവുമാണ് വിതരണം വൈകാൻ ഏജൻസികൾ നൽകുന്ന പ്രധാന വിശദീകരണം. ആഗോള വിപണിയിലെ നിയന്ത്രണങ്ങൾ കാരണം വാണിജ്യ സിലിണ്ടറുകൾ പരിമിതപ്പെടുത്തി, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് മുൻഗണന നൽകി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

 

എങ്കിലും മുൻപുണ്ടായ വലിയ ബാക്ക്‌ലോഗ് തീർപ്പാക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ, നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഡെലിവറി നടക്കാത്തതിനാൽ ബുക്കിംഗ് സ്വയം റദ്ദാകുന്ന സാങ്കേതിക തടസ്സങ്ങളും ഏജൻസികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പും ജില്ലാ ഭരണകൂടവും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതെല്ലാം പ്രഹസനമാണെന്ന ആക്ഷേപമാണ് ജനങ്ങൾ ഉയർത്തുന്നത്.

 

ബുക്കിംഗ് കഴിഞ്ഞുള്ള ഡെലിവറി സമയം, ഏജൻസികളിൽ സിലിണ്ടറുകൾ കെട്ടിക്കിടക്കുന്നുണ്ടോ എന്ന റിപ്പോർട്ട് ശേഖരണം എന്നിവ കൃത്യമായി നടക്കുന്നില്ല. കൂടാതെ, ഗാർഹിക സിലിണ്ടറുകൾ അനധികൃതമായി ഹോട്ടലുകളിലേക്കും മറ്റും മറിച്ചുവിൽക്കുന്നതും പൂഴ്ത്തിവെപ്പും തടയാൻ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കേണ്ട പരിശോധനകളും മന്ദഗതിയിലാണ്.

 

അതേസമയം, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ പാലക്കാട് കഞ്ചിക്കോട്, കൊച്ചി, കോയമ്പത്തൂർ പ്ലാന്റുകളിൽ നിന്ന് നേരിട്ട് ഏജൻസികളിലേക്ക് സിലിണ്ടറുകൾ എത്തിക്കാൻ ജില്ലാ ഭരണകൂടം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

പാചകവാതക വിതരണ ഏജൻസികൾ അനാവശ്യമായി കാലതാമസം വരുത്തുകയോ അധിക തുക ഈടാക്കുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് 18002333555, 180022434 എന്നീ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ പരാതി നൽകാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *