സുൽത്താൻ ബത്തേരി : വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരിയിൽ ദേശീയ സെമിനാറും അവക്കോഡോ ഫെസ്റ്റും സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിലായി ബത്തേരി മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി നടക്കുന്നത്.
അന്താരാഷ്ട്ര അവക്കാഡോ ദിനമായ ജൂലൈ 31-ന് സംസ്ഥാന കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് അവക്കോഡോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. അവക്കാഡോ കൃഷിയുടെ വ്യാപനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ആധുനിക വിപണന സാധ്യതകൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടക്കും. അതോടൊപ്പം വായനാട്ടിലെ നിക്ഷേപ സാധ്യതകൾ ലക്ഷ്യമിട്ട് ‘വയനാട് ഇൻവെസ്റ്റേഴ്സ് മീറ്റും’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ കാർഷിക ശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും സെമിനാറിൽ പങ്കെടുത്ത് കർഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ഹിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.ആർ. സുനിൽ കുമാർ, മുൻ ചീഫ് സയന്റിസ്റ്റ് പി. മണിലാൽ, ഡോ. എ.ടി. സുരേഷ്, പി. പത്മരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വയനാടിന്റെ കാർഷിക വൈവിധ്യവൽക്കരണത്തിൽ അവക്കോഡോ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി
