യുവതി ആക്രിക്ക് കൊടുത്തത് 11 ലക്ഷത്തിന്റെ സ്വർണം;സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് ആക്രി വ്യാപാരി

മലപ്പുറം: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവന്റെ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടെന്ന വിഷമത്തിലിരുന്ന കുടുംബത്തിന് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ ആഭരണങ്ങൾ തിരികെ ലഭിച്ചു.

 

മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസിന്റെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലുമാണ് കുടുംബത്തിന് തുണയായത്. കഴിഞ്ഞ മാസം 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറത്തുനിന്ന് സ്ഥിരമായി കോഴിക്കോട് നഗരത്തിൽ ആക്രി ശേഖരിക്കാനെത്തുന്ന അനീസ് ചുങ്കത്തുള്ള വീട്ടിലെത്തുകയായിരുന്നു. വിദേശത്തുനിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

 

അമ്മ രേവ സ്ഥലത്തില്ലാതിരുന്നതിനാൽ പഴയ പെട്ടികളും കാർഡ് ബോർഡ് പെട്ടികളും മുറ്റത്തിരുന്ന പഴയ സ്കൂട്ടറും മകൾ ആക്രിക്കാരന് നൽകി. ഇന്നലെ വീട്ടിലെത്തിയ രേവ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി കാണാതെ വന്നതോടെ മകളോട് തിരക്കിയപ്പോഴാണ് പഴയ പെട്ടികൾ ആക്രിക്കാരന് കൊടുത്ത വിവരവും അതിനുള്ളിലായിരുന്നു സ്വർണമെന്ന കാര്യവും മകൾ അറിയുന്നത്.തുടർന്ന് പരിഭ്രാന്തരായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആക്രി എടുത്തശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസിൽ വലിയ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ശേഖരിച്ച ആക്രി സാധനങ്ങൾ മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് സ്വർണാഭരണങ്ങൾ ലഭിച്ചതെന്ന് അനീസ് പൊലീസിന് മൊഴി നൽകി.

 

ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർത്ഥ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. ദിവസവും നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും താൻ നൽകിയ വിസിറ്റിംഗ് കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്ന് അനീസ് വ്യക്തമാക്കി.

 

തുടർന്ന് നടക്കാവ് എസ്.ഐ ധനേഷ് കുമാർ, എസ്.സി.പി.ഒ കെ. രഞ്ജിത്ത് എന്നിവരും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. ആക്രി ശേഖരിക്കുന്നതിനൊപ്പം തന്റെ ഫോൺ നമ്പറുള്ള കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ നല്ല ശീലത്തെ പൊലീസ് അഭിനന്ദിച്ചു. പൊലീസിന്റെ കൃത്യമായ ഇടപെടലും അനീസിന്റെ അപാരമായ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ 11 ലക്ഷത്തോളം രൂപയുടെ പത്തര പവൻ സ്വർണമാണ് കുടുംബത്തിന് തിരികെ ലഭിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *