തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന പ്രധാന ദിനത്തിൽ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു.
വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചതാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ വിനയായി മാറിയത്. നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പർ പരീക്ഷയാണ് ഓഗസ്റ്റ് 21-ാം തീയതിയിലേക്ക് മാറ്റിവെച്ചത്. എന്നാൽ ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തിരുമാനിച്ചിട്ടുള്ളത്. ആഘോഷ ദിനത്തിൽ പരീക്ഷ വരുന്നത് വിദ്യാർത്ഥികളുടെ ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാണിക്കുന്നത്.
8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുനഃക്രമീകരിച്ചത്. പരീക്ഷാ ഹാളുകളുടെ ലഭ്യതക്കുറവും അധ്യാപകരുടെ മേൽനോട്ട ചുമതലകളും ചൂണ്ടിക്കാട്ടിയാണ് സമയം മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായാണ് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. എന്നാൽ പുതിയ തീയതി പ്രഖ്യാപിച്ചപ്പോൾ സ്കൂളുകളിലെ ഓണാഘോഷ ക്രമീകരണങ്ങളെ അത് നേരിട്ട് ബാധിക്കുമെന്ന കാര്യം അധികൃതർ പരിഗണിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം, നിലവിലെ ടൈംടേബിൾ മാറ്റം സ്‌കൂൾതലത്തിൽ വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾക്കാണ് നിലവിൽ വഴിതുറന്നിരിക്കുന്നത്.
സ്കൂളുകൾ അടയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിനമായ ഓഗസ്റ്റ് 21-നാണ് ഭൂരിഭാഗം വിദ്യാലയങ്ങളിലും അത്തപ്പൂക്കള മത്സരങ്ങളും ഓണസദ്യയും ഉൾപ്പെടെയുള്ള വിവിധ ആഘോഷങ്ങൾ ആസൂത്രണം ചെയ്‌തിരുന്നത്. എന്നാൽ രാവിലെ പരീക്ഷയുള്ളതിനാൽ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഇത്തരം ഓണാഘോഷ പരിപാടികളിൽ മുഴുവനായി പങ്കാളികളാകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമേ കുട്ടികൾക്ക് ആഘോഷങ്ങളിലേക്ക് കടക്കാൻ സാധിക്കൂ എന്നത് കടുത്ത വിവേചനമാണെന്ന് കുട്ടികളും പരാതിപ്പെടുന്നു. അധ്യയന ദിനങ്ങൾ ക്രമീകരിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിന് വന്ന ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണമെന്ന് അധ്യാപക സംഘടനകൾ ആരോപിച്ചു. കുട്ടികളുടെ മനസ്സിന് ഭാരമില്ലാതെ ഓണം ആഘോഷിക്കാനുള്ള അവസരം അധികൃതർ തടസ്സപ്പെടുത്തിയെന്നാണ് പൊതുവികാരം.
