നാടിനെ നടുക്കി ഇരട്ടക്കൊല : മാതാപിതാക്കളെ മകൻ കൊന്നത് ദൈവമാണെന്ന് പറഞ്ഞ്

ഇടുക്കി:മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഇരട്ടക്കൊലയില്‍ നടുങ്ങി എഴുകുംവയല്‍. നാട്ടുകാർക്കെല്ലാം സുപരിചിതരായ പാറത്തറയില്‍ ആന്റണിയെയും (59), വത്സമ്മയെയും ( 55) സ്വന്തം മകൻ അജീഷ് (26) തന്നെ കൊലപ്പെടുത്തിയെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല.

 

വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. തനിക്ക് ഭയമാണെന്ന് പറഞ്ഞ് പ്രതി അമ്മയ്‌ക്കൊപ്പം വന്നു കിടന്നു. ഇതിന് ശേഷം താൻ ദൈവമാണെന്നും നിങ്ങള്‍ ചെകുത്താനാണെന്നും പറഞ്ഞ് കൊന്തയും ബൈബിളും എടുത്തു കൊണ്ടുവരികയും ഇതിന് ശേഷം കത്തി എടുത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് കവലയില്‍ നിന്നെത്തിയ പിതാവ് ആന്റണിയെ കുത്തി വീഴ്ത്തിയത്. തുടർന്ന് മരണം ഉറപ്പാക്കാനായി കഴുത്ത് മുറിച്ചു. പിതാവിനെ കുത്തി വീഴ്ത്തി പ്രതി പിതാവിന്റെ ചിത്രം ഫോണില്‍ പകർത്തി മുമ്പ് പ്രതിയുടെ ഇടവകയില്‍ സഹ വികാരിയായിരുന്ന വൈദികന് വാട്സാപ്പില്‍ അയച്ചു നല്‍കി.

 

അദ്ദേഹം ചിത്രം ഇടവക വികാരിക്ക് അയച്ചു നല്‍കുകയും അദ്ദേഹവും പള്ളിയിലെ കൈക്കാരും വാർഡ് അംഗവും അയല്‍വാസികളും 9.30ന് വീട്ടിലെത്തിയതിന് പിന്നാലെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. തുടർന്ന് നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കേള്‍വിക്കുറവുള്ള ആന്റണിയുടെ മാതാവ് ചിന്നമ്മ ഇതൊന്നു അറിഞ്ഞിരുന്നില്ല. അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

ആന്റണിയുടെ ദേഹത്ത് 14 മുറിവ്

 

ആന്റണിയുടെ മൃതദേഹത്തില്‍ 14 മുറിവുകളാണ് കണ്ടെത്തിയത്. നെഞ്ചില്‍ പത്തും പുറത്ത് മൂന്നും മുറിവുകളുണ്ട്. കഴുത്തില്‍ 14 സെന്റീമീറ്റർ നീളമുള്ള മറ്റൊരു മുറിവുമുണ്ട്. വത്സമ്മയ്ക്ക് നെഞ്ചില്‍ മൂന്ന് മുറിവും വയറില്‍ ഒരു കുത്തുമാണ് ഉണ്ടായിരുന്നത്. കുത്തേറ്റ് ഇരുവരുടെയും ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയിലായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!