മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരും. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.
അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്.
ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരൽ മലയിലെത്തും. രക്ഷാപ്രവർത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ. ചൂരൽമലയിലെ ബെയിലി പാലത്തിന് സമീപത്ത് വെച്ച് സൈന്യമായിരിക്കും രക്ഷാപ്രവർത്തകരെ വിവിധ സംഘങ്ങളായി തിരിച്ചശേഷം ദുരന്തമേഖലയിലേക്ക് കടത്തിവിടുക