നേപ്പാൾ ദുരന്തം;320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല ; തിരച്ചിലും രക്ഷാദൗത്യവും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 320 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിന് പുറമെ കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി എത്തിയ നൂറോളം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുമായും നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ദുരന്തത്തിൽ പെട്ടവരെ കണ്ടെത്തുന്നതിനായി ന്യൂഡൽഹിയിലെ കേന്ദ്ര കൺട്രോൾ റൂമും കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികളും ഇരുപത്തിനാല് മണിക്കൂറും സജീവമായി പ്രവർത്തിച്ചുവരികയാണ്.

 

അതേസമയം, ദുരന്തമേഖലയിൽ നിന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകരെ സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വിമാനത്താവളത്തിൽ നേരിട്ടെത്തി ഇവരെ സ്വീകരിച്ചു. ചൈനീസ് അതിർത്തിയിൽ കുടുങ്ങിപ്പോയ 96 ഇന്ത്യക്കാർ കരമാർഗ്ഗം നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൃശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അതിർത്തിയുടെ ചൈനീസ് ഭാഗത്ത് കുടുങ്ങിയ 400 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

 

ദുരന്തത്തെ നേരിടാൻ നേപ്പാളിനായുള്ള ഇന്ത്യയുടെ ദുരിതാശ്വാസ സഹായത്തിന്റെ മൂന്നാമത്തെ വിമാനം ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ടു. കൂടാതെ തകർന്ന റോഡുകൾക്ക് പകരം താത്കാലിക ഗതാഗത സംവിധാനമൊരുക്കാൻ ബെയിലീ പാലങ്ങളും വിദഗ്ധ സംഘത്തെയും നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ ദുരന്തനിവാരണ സേനയെയും (എൻ‌ഡി‌ആർ‌എഫ്) ടണൽ റെസ്ക്യൂ ടീമിനെയും അയക്കാൻ ഇന്ത്യ സജ്ജമാണെന്നും നേപ്പാൾ സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!