ബാലുശ്ശേരിയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട യുവാവ് വയനാട്ടില്‍ പിടിയില്‍. ബാലുശ്ശേരി തലയാട് സ്വദേശിയായ സഹല്‍(28) ആണ് വയനാട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. ഉണ്ണികുളം സ്വദേശി അനുശ്രീയുടെ 2.5 പവന്‍ വരുന്ന മാലയാണ് സഹല്‍ പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ബാലുശ്ശേരി സന്ധ്യാ റോഡില്‍ വെച്ച് മകനോടൊപ്പം നടന്നുപോവുകയായിരുന്ന യുവതിയുടെ മാല ഇയാള്‍ പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. സമീപത്തെ ഒരു കടയിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
