സവാള വില നിയന്ത്രിക്കാൻ സർക്കാർ വിപണിയിലേക്ക്; കിലോയ്ക്ക് 35 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ടി. സിദ്ധിഖ്

തിരുവനന്തപുരം:  സംസ്ഥാനത്ത് സവാള വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവ് തടയാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും വില നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻ.സി.സി.എഫ്) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി കഴിഞ്ഞു. ഇങ്ങനെ സംഭരിക്കുന്ന സവാള സപ്ലൈകോ, ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങൾക്ക് വിതരണത്തിൽ മുൻഗണന നൽകും.

 

പ്രളയബാധിത കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കിയതായും മന്ത്രി അറിയിച്ചു. കെ.എസ്.ഡി.എം.എ (KSDMA) നോട്ടിഫിക്കേഷൻ പുറത്തുവന്ന ശേഷം കൂടുതൽ സഹായങ്ങൾ വിതരണം ചെയ്യും. വിളനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് കഴിഞ്ഞ 5 വർഷമായി നൽകാനുള്ള 120 കോടി രൂപയുടെ കുടിശ്ശിക ഘട്ടംഘട്ടമായി തീർപ്പാക്കും. നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടിയുടെ അടിയന്തര സഹായം അനുവദിക്കാനും കേന്ദ്രസംഘത്തെ അയക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നാളികേര മേഖലയുടെ വികസനത്തിനായി 500 കോടി രൂപയുടെ പ്രത്യേക പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി കോഴിക്കോട് കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!