കനത്ത ചൂടിൽ വെന്തുരുകി കേരളം: ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയരുന്നതോടെ കനത്ത ചൂടിൽ ജനങ്ങൾ വലയുന്നു. കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, വ്യാഴാഴ്ച മുതൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നത് ആശ്വാസകരമാണ്.

 

ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗത്തിൽ 800 മെഗാവാട്ടിന്റെ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. പീക്ക് സമയത്ത് പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഹ്രസ്വകാല കരാറുകളിലെ പ്രതിസന്ധിയും കാരണം ഇന്നലെ പലയിടത്തും ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്ഥിതി തുടർന്നാൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു.

 

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ശുദ്ധജലം, ORS, സംഭാരം എന്നിവ ധാരാളമായി കുടിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, കിടപ്പുരോഗികൾ എന്നിവർ ഉച്ചവെയിലിൽ പുറത്തിറങ്ങരുത്.

 

തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമം മധ്യഹ്ന വിശ്രമം ഉറപ്പാക്കി പുനഃക്രമീകരിക്കണം. സ്കൂളുകളിൽ വിദ്യാർഥികൾക്ക് വെയിലേൽക്കുന്ന അസംബ്ലികൾ ഒഴിവാക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും വേണം. ഓൺലൈൻ ഡെലിവറി ജീവനക്കാർ, പോലീസ്, മാധ്യമപ്രവർത്തകർ എന്നിവർ വെയിലിൽ നിന്നുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം.

 

മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തുക. കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയിൽ സഞ്ചരിക്കുന്നവരും താമസിക്കുന്നവരും ശ്രദ്ധ പുലർത്തുക. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചാക്കി പോകരുത്. വളർത്തുമൃഗങ്ങൾക്ക് തണലും വെള്ളവും ലഭ്യമാക്കുക. അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!