അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; അന്താരാഷ്ട്ര വന്യജീവി കടത്തെന്ന് നിഗമനം 

ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള വനമേഖലയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. പശ്ചിമ ബംഗാൾ അതിർത്തിയോട് ചേർന്നുള്ള കാറ്റാടി മരങ്ങളുടെ തോട്ടത്തിലാണ് പ്രദേശവാസികളും വനംവകുപ്പും ചേർന്ന് ഇവയെ കണ്ടെത്തിയത്. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന ഈ കുഞ്ഞുങ്ങൾക്ക് ആറ് മാസം മുതൽ ഒരു വയസ്സ് വരെയാണ് പ്രായം കണക്കാക്കുന്നത്.

 

ഇന്തോനേഷ്യയിലും മലേഷ്യയിലും മാത്രം സ്വാഭാവികമായി കണ്ടുവരുന്ന ഈ അപൂർവ്വ ജീവികൾ ഇന്ത്യയിലെ കാടുകളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വന്യജീവി കടത്ത് സംഘങ്ങൾ കള്ളക്കടത്ത് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭയന്ന് ഇവയെ കാട്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാം എന്നാണ് അധികൃതർ സംശയിക്കുന്നത്. കണ്ടെത്തുന്ന സമയത്ത് മനുഷ്യരോട് അടുപ്പം കാണിച്ച ഇവ പൂർണ്ണ ആരോഗ്യവന്മാരായി തന്നെ ഇരിക്കുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

 

രക്ഷപ്പെടുത്തിയ അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെയും കൂടുതൽ വൈദ്യപരിശോധനകൾക്കും പരിചരണത്തിനുമായി ഭുവനേശ്വറിലെ നന്ദൻകാനൻ സൂവിലേക്ക് മാറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിന്നീട് സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. സംഭവം ഗൗരവത്തോടെ കാണുന്ന ഒഡീഷ സർക്കാർ വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയോട് (WCCB) കേസെടുത്ത് വിശദമായി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!