കൊച്ചി: നെടുമ്പാശേരിയിലെ വിഐപി റോഡില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് പേര് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ സുഹൈലിനൊപ്പം നിനവുമുണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിനാണ് നിനവിനെതിരെ കേസ്.
ഇന്നലെ പുലര്‍ച്ചെയാണ് അത്താണി സിഗ്നലിനു സമീപമാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന് ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണു മരിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്പിച്ചത്.
വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന ആഡംബര കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ സഞ്ചരിച്ച മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാര്‍ റോഡിലൂടെ നിരക്കി. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കര്‍ണാടക സ്വദേശിയാണ് ഇയാസ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് വിവരം.
