നെടുമ്പാശേരി അപകടത്തില്‍ മിനി കൂപ്പർ ഓടിച്ച സുഹൈല്‍ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ പിതാവ് സന്തോഷ്

നെടുമ്പാശേരി അപകടത്തില്‍ മിനി കൂപ്പർ ഓടിച്ച സുഹൈല്‍ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ പിതാവ് സന്തോഷ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകളാണ് കൊല്ലപ്പെട്ടത്. ഇതൊരു സാധാരണ അപകടമല്ല, മനഃപൂർവം ഇടിച്ചതാണോ എന്ന സംശയമുണ്ടെന്നും സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

‘ജോലി കിട്ടി പുതിയൊരു ജീവിതം സ്വപ്‌നം കണ്ട മൂന്ന് കുട്ടികളാണ് ഇല്ലാതായത്. ഈ വീടിന്റെ വിളക്ക് ദേവികയായിരുന്നു. ലോണെടുത്തും സ്വന്തമായുണ്ടായിരുന്ന സ്ഥലം വിറ്റുമാണ് മകളെ പഠിപ്പിച്ചത്. മകളുടെ അന്ത്യകർമങ്ങള്‍ ചെയ്യാനുള്ള സ്ഥലം പോലും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. കുടുംബ വീട്ടിലാണ് ചടങ്ങുകള്‍ നടത്തിയത്. മൂന്നുനാല് മാസത്തിന് ശേഷം ഗള്‍ഫില്‍ ജോലിക്ക് പോകാനിരുന്നതാണ്. കുടുംബത്തിന്റെ ഏക ആശ്രയം മകളായിരുന്നു. മരിച്ച മൂന്ന് കുട്ടികളും അങ്ങനെയായിരുന്നു. ഇനി ഇങ്ങനെയൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകരുത്.

 

സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അത്രയും വേഗതയിലാണ് അവൻ വണ്ടിയോടിച്ചത്. കേസ് അട്ടിമറിക്കാൻ അവന്റെ വാപ്പ ഇടപെടുമെന്ന് പറഞ്ഞ അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്. പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. വേണ്ട സഹായം ചെയ്‌തുനല്‍കാമെന്നാണ് ആഭ്യന്തര മന്ത്രിയും ഞങ്ങളെ അറിയിച്ചത്. മനഃപ്പൂർവം കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന സംശയവും ഞങ്ങള്‍ക്കുണ്ട്.

 

പഠനത്തിലും കലാപരമായുമെല്ലാം കഴിവുള്ള കുട്ടിയായിരുന്നു ദേവിക. ബിബിഎ ഏവിയേഷൻ കോഴ്‌സില്‍ നല്ല മാർക്കോടെയാണ് മകള്‍ പാസായത്. ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവള്‍. നഷ്‌ടപ്പെട്ടുപോയ അവളെ ഞങ്ങള്‍ക്കിനി തിരികെ കിട്ടില്ല. ഇതൊരു സാധാരണ അപകടമല്ല. മനഃപൂർവം ഇടിച്ചതുപോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്’ – സന്തോഷ് പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!