കേരളത്തിൽ ഒക്ടോബർ ഇന്ന് മുതൽ 16 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 15, 16 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒക്ടോബർ 12ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 13, 14 തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും.
അടുത്ത 23 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതോടൊപ്പം തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.
മന്നാർ ഉൾക്കടലിലും സമീപത്തെ തെക്കൻ തമിഴ്‌നാട് തീരത്തും സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുകയാണ്. തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 13ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
