നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു;സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുന്നു. അരി, പയറുവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുത്തനെ ഉയരുന്നത്. അരിവിലയിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. മൊത്തവിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ കിലോയ്ക്ക് 14 രൂപ വർധിച്ച് 73 രൂപയിലെത്തി. ഓണക്കാലത്ത് 58 രൂപയായിരുന്ന സ്ഥാനത്താണ് ഈ വർധന. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്ക് മൂന്നു രൂപയും ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിക്ക് 180 രൂപ വരെയുമാണ് വില ഉയർന്നിരിക്കുന്നത്. കൂടാതെ കോല അരിയുടെ വിലയും വർധിച്ചിട്ടുണ്ട്.

 

പയറുവർഗങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും വിലയും കുതിച്ചുയരുകയാണ്. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപ കൂടി. കടലയ്ക്ക് 10 രൂപയും, ഉഴുന്നിന് 8 രൂപയും, വൻപയറിന് 14 രൂപയും വർധിച്ചിട്ടുണ്ട്. ചെറുപയറിനും സമാനമായ വിലവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര ഉൾപ്പെടെയുള്ള മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി ഉയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ വിപണിയിലെ സാഹചര്യം വിലയിടിവിൽ പെട്ടെന്ന് കുറവുണ്ടാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. അതിനാൽ അടുത്ത മാസങ്ങളിലും ഉയർന്ന വില തുടരാനാണ് സാധ്യത.

 

സാധാരണ ആശ്വാസമായി കൺസ്യൂമർ ഫെഡും ത്രിവേണി, മാവേലി സ്‌റ്റോറുകളിൽ സബ്‌സിഡിനിരക്കിൽ 13 നിത്യോപയോഗ സാധ നങ്ങളും വിപണിവിലയെക്കാൾ വലിയ വ്യത്യാസത്തിൽ നൽകിയിരുന്നു. എന്നാൽ പല സാധനങ്ങളും ഇപ്പോൾ ഇവിടങ്ങളിൽ ലഭ്യമല്ല. വിവിധ സൂപ്പർ മാർക്കറ്റുകളിൽ ഓഫറുകൾ ഉള്ളപ്പോൾ ആളുകൾ ഇടിച്ചുകയറുകയാണ്.

 

280 രൂപയുടെ വറ്റൽ മുളകിന് ചില്ലറ വില 430 രൂപ വരെ ഉയർന്നു. മുളക് 350ൽ നിന്ന് ഇരട്ടി യായി ഉയർന്നു. 700 രൂപയാണ് വില. പരിപ്പ് വില 118ൽ നിന്ന് 145 രൂപയായി. സെക്കൻഡ് ക്വാളിറ്റി പരിപ്പിന് നൽകണം 135 രൂപ.

 

പച്ചക്കറിയുടെ വിലയും നാൾക്കുനാൾ കൂടുകയാണെന്ന് കച്ചവടക്കാർ പറയുന്നു. ചൂടുകൂടുന്നതിനാൽ പഴങ്ങളും പച്ചക്കറികളും വേഗം കേടാവുകയാണ്. ഇതിനാൽ വിലകൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. തക്കാളി 40, വലിയ ഉള്ളി 60, മല്ലിച്ചപ്പ് -പുതീന 150, പയർ 80, ബീൻസ് 100, കയ്‌പക്ക 90, പച്ചമുളക് 60, വെളുത്തുള്ളി 200, ചെറുനാരങ്ങ 200, ഇഞ്ചി 200, കപ്പ 40 രൂപ എന്നിങ്ങനെയാണ് വിപണി വില.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!