കൊല്ലം:വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതി പിടിയിലായി. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീനയെയാണ് (33) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം ആയിരംതെങ്ങ് സ്വദേശി ബാബുവിനെയാണ് (68) കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി കവർച്ച നടത്തിയത്. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം നാല് പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയുമാണ് സംഘം തട്ടിയെടുത്തത്. ഹസീനയോടൊപ്പം രണ്ട് പുരുഷന്മാരും കവർച്ചയിൽ പങ്കാളികളായിരുന്നു. ഒളിവിലുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
കുണ്ടറ എസ്.എച്ച്.ഒ സുനുകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ദീപു പിള്ള, അരുൺ കുമാർ, പ്രിയ, സി.പി.ഒ അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
